ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു മികച്ച ഹൊറര്‍ മൂവിയെന്നാണ് ഭൂതകാലത്തെ പ്രേക്ഷകര്‍ വിലയിരുത്തിയത്. മികച്ച ഒരു ദൃശ്യാനുഭവം തന്നെയായിരുന്നു രാഹുല്‍ സദാശിവന്‍ ഭൂതകാലത്തിലൂടെ പ്രേക്ഷകന് നല്‍കിയത്. ഭയമെന്ന വികാരത്തെ ഓരോ സെക്കന്റിലും പ്രേക്ഷകനിലേക്ക് അവര്‍ പോലും അറിയാതെ എത്തിക്കുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചിരുന്നു.
ഭൂതകാലം ഒരു ഫിക്ഷണല്‍ സ്റ്റോറി ആണെന്നും അതില്‍ റിയലിസം കൊണ്ടുവരാനായിരുന്നു ശ്രമിച്ചതെന്നുമാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നത്. രണ്ട് വ്യക്തികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒരു ബാക്‌സ്റ്റോറിയായിട്ടാണ് അവതരിപ്പിച്ചതെന്നും അതിലേക്ക് ഒരുപാട് ഡീറ്റയിലിങ് നടത്തിയിട്ടില്ലെന്നും മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.
അമ്മ കഥാപാത്രത്തിന് ക്ലിനിക്കല്‍ ഡിപ്രഷനുണ്ട്. മകനാണെങ്കില്‍ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ആ വീട്ടില്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ഹാലുസിനേഷനാണോ എന്ന് സംശയിക്കാം. കഥാപാത്രങ്ങളെ മാത്രമല്ല പ്രേക്ഷകരെ കൂടി ആശയകുഴപ്പത്തിലാക്കാനാണ് അങ്ങനെ ചെയ്തത്. അമ്മയും മകനുമൊഴികെയുള്ള കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കൊപ്പം തന്നെ സഞ്ചരിക്കുന്നവരാണ്. ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുറത്ത് നിന്ന് മാത്രം കാണുന്നവര്‍. അതില്‍ പലരും ആ വീടിനെ പ്രേതബാധയുള്ള വീടായി കാണുകയും ചെയ്യുന്നു.
മറ്റു ചിലര്‍ യുക്തിബോധത്തോടെ ചിന്തിക്കുന്നു. ഒടുവില്‍ ആര്‍ക്കും അവരെ സഹായിക്കാന്‍ സാധിക്കുന്നില്ല. പ്രശ്‌നങ്ങളെ നേരിടുന്നതും അതിജീവിക്കുന്നതും അമ്മയും മകനും ഒരുമിച്ച് തന്നെയാണ്, രാഹുല്‍ പറയുന്നു. ആ വീട്ടില്‍ ശരിക്കും എന്താണ് സംഭവിച്ചത് എന്നതില്‍ പ്രേക്ഷകര്‍ക്ക് ആശയകുഴപ്പമുണ്ടെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും രാഹുല്‍ പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്റെ ഉദ്ദേശവും അതു തന്നെയായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ അവതരിപ്പിച്ചു. അത് കാണുന്നവര്‍ക്ക് അവരുടെ ഇഷ്ടത്തിന് വിശദീകരിക്കാം. അത്തരം ചര്‍ച്ചകളാണ് സിനിമയയെ സജീവമാക്കി നിര്‍ത്തുന്നതെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഹൊറര്‍ ജോണറിനോട് താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. അത്തരത്തിലുള്ള ധാരാളം സിനിമകള്‍ കാണാറുണ്ട്. മലയാളത്തില്‍ നല്ലൊരു ഹൊറര്‍ സിനിമയ്ക്കുള്ള സ്‌പേസ് ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഭൂതകാലത്തിലെത്തിയത്. നല്ല കഥയും മികച്ച അഭിനേതാക്കളുമുണ്ടെങ്കില്‍ സ്വീകരിക്കപ്പെടുമെന്ന് തോന്നി. ആദ്യം ഈ സിനമയുടെ കഥ പറയുന്നത് രേവതി ചേച്ചിയോടായിരുന്നു. പിന്നീട് 2020 ല്‍ ഷെയ്‌നിനോട് പറഞ്ഞു. അങ്ങനെ അത് സംഭവിക്കുകയായിരുന്നു, രാഹുല്‍ പറയുന്നു. 2013 ല്‍ പുറത്തിറങ്ങിയ റെഡ് റെയിന്‍ ആണ് രാഹുലിന്റെ ആദ്യചിത്രം.