കൊച്ചി:ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരിൽ ഒരു ക്യാരിക്കേച്ചർ വീഡിയോ പുറത്തുവന്നത്. ആർട്ടിസ്റ്റ് സുരേഷ് ബാബുവാണ് മോഹൻലാലിന്റെ ക്യാരിക്കേച്ചര്‍ വരച്ചിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറില്‍ ഇടംപിടിച്ചിരിക്കുന്നു. ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയെ കുറിച്ച് സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മോഹൻലാൽ ഒരു മനുഷ്യ സ്നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാൻ കഴിയുന്നതെന്ന് ഭദ്രൻ കുറിക്കുന്നു.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ
സുരേഷേ!,
മടുപ്പില്ലാതെ മോഹൻലാലിൻ്റെ ചിത്രം 101-ആം തവണയും വരക്കാൻ നിങ്ങൾക്ക് കഴിയുന്നത് വിരൽ തുമ്പിൽ ചലിക്കുന്ന ബ്രഷ് ൻ്റെയും ചായകൂട്ടിൻ്റെയും മാസ്മരികത കൊണ്ട് ആവുന്നതല്ല. മറിച്ച്, ലോകത്തിലെ മലയാളികൾ എല്ലാം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലാലിൻ്റെ ഒരു പ്രത്യേകത ഉണ്ട്. “He never get offended by words or look’s.” അതിന് ഒരു കാരണം ഉണ്ട്. അയാൾ ഒരു മനുഷ്യ സ്നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാൻ കഴിയുന്നത്…ഈ പ്രപഞ്ചത്തിൽ സൂര്യൻ നിൽക്കുന്ന പോലെ കെടാതെ നിൽക്കട്ടെ…
മോഹന്‍ലാലിന്‍റെ നൂറോളം ചിത്രങ്ങള്‍ വരച്ചിട്ടുള്ള കലാകാരനാണ് സുരേഷ് ബാബു. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം കവിതാശകലങ്ങളും കൂട്ടിയിണക്കിയുള്ള ഒരു ദൃശ്യവിഷ്കാരമാണ് ഈ വീഡിയോ. വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന ലാലേട്ടനെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് സുരേഷ് ബാബു പറയുന്നു. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും ലാലേട്ടനിലെ സഹജീവി സ്നേഹിയെ പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു വീഡിയോയിൽ പറഞ്ഞിരുന്നു.
മോഹൻലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്ന് ഭദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നല്ല ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹൻലാല്‍ സിനിമകളുടെ പ്രശ്‍നം. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. മോഹൻലാല്‍ എന്തായാലും തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ഭദ്രൻ പറഞ്ഞു.
‘സ്‍ഫടികം’ റീ റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം നടത്തിയ ഭദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മോഹൻലാല്‍ സിനിമകളെ കുറിച്ചും അഭിപ്രായം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ എന്ന നടന്റേതല്ല കുഴപ്പം. മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം എന്നും മോഹൻലാല്‍ തന്നെയല്ലേ. ഒരിക്കല്‍ കിട്ടിയിട്ടുള്ള ഒരു പ്രതിഭ നൈസര്‍ഗ്ഗികമായി ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്‍തെടുത്തത് ഒന്നുമല്ല- ഭദ്രൻ പറയുന്നു.
മറ്റ് നടൻമാരില്‍ നിന്ന് വ്യത്യസ്‍തമായി ലാലില്‍ ഉള്ള ഒരു പ്രത്യേക, എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണണ്ട്. ആ കെമിസ്‍ട്രി എന്താണ്എന്ന് പുള്ളിക്ക് പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്‍ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ്. അങ്ങനത്തെ മോഹൻലാല്‍ ഇപ്പോഴും ഉണ്ട്. അങ്ങനെ മോഹൻലാല്‍ ഉള്ളതുകൊണ്ടാണ് ശരീരമൊക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്.
എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതതല്ല സിനിമ. അത് തിരിച്ചറിയണം. കഥയുമായി ചെല്ലുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ നമുക്ക് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അദ്ദേഹം വരും, തീര്‍ച്ചയായിട്ടും എല്ലാത്തിനും ഒരു സമയമുണ്ടല്ലോ- ഭദ്രൻ പറഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് ‘സ്‍ഫടികം’ റീ റിലീസ് ചെയ്യുന്നത്.