24.5 C
Kottayam
Monday, May 20, 2024

പാക് ഡ്രോണുകളെ തറപറ്റിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് പുത്തനായുധം-പരുന്തുകള്‍!

Must read

അതിര്‍ത്തിക്കപ്പുറത്തുനിന്നും എത്തുന്ന ശത്രുഡ്രോണുകള്‍. ആരാലും ശ്രദ്ധിക്കാതെ പറന്നുവന്ന് ആയുധങ്ങളും പണവുമടക്കം താഴേക്കിട്ട് മടങ്ങുന്ന ഇത്തരം ഡ്രോണുകള്‍ ഏത് സേനയുടെയും പ്രധാന തലവേദനയാണ്. പാക്കിസ്താനില്‍നിന്നും വരുന്ന  ഇത്തരം ഡ്രോണുകള്‍ ഈയിടെയായി ഇന്ത്യയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി കടന്നെത്തുന്ന ശത്രു രാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പുതിയ ഒരായുധം പരീക്ഷിക്കുന്നത്. 

എന്താണ് ആ ആയുധമെന്നോ? പട്ടികളും പരുന്തുകളും! പ്രത്യേക പരിശീലനം കിട്ടിയ പട്ടികള്‍ ഇത്തരം ഡ്രോണുകളുടെ വരവ് കാതുകൊണ്ടറിയുന്നു. അവ ഡ്രോണുകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ പറന്നു ചെന്ന് അത്തരം ഡ്രോണുകളുടെ കഥ കഴിക്കുകയാണ് പരുന്തുകളുടെ ദൗത്യം. ഇതാദ്യമായാണ് നമ്മുടെ സൈന്യം പരുന്തുകളെ ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 

ഉത്തരാഖണ്ഡിലെ ഓലിയില്‍ ശനിയാഴ്ച ആരംഭിച്ച ഇന്ത്യാ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിലാണ് ഇന്ത്യന്‍ സേന ഈ തുരുപ്പ് ചീട്ട് പ്രദര്‍ശിപ്പിച്ചത്. അര്‍ജുന്‍ എന്ന് പേരുള്ള പ്രത്യേകമായി പരിശീലിപ്പിച്ച പരുന്തിനെയാണ് യുദ്ധ് അഭ്യാസ് 22 എന്ന സംയുക്ത സൈനിക അഭ്യാസ പരിപാടിയില്‍ ്രപദര്‍ശിപ്പിച്ചത്. അതിര്‍ത്തി കടന്നെത്തുന്ന ഡ്രോണുകളെ കൈകാര്യം ചെയ്യുകയാണ് ഈ പരുന്തിന്റെ ദൗത്യം. 

ഇന്ത്യന്‍ സേന പ്രത്യേകമായി പരിശീലിപ്പിച്ച ഒരു പട്ടിയാണ് ഇതിന് അര്‍ജുന് സഹായകമാവുന്നത്. അതിര്‍ത്തി കടന്നുവരുന്ന ഡ്രോണുകളെ ഈ പട്ടി കണ്ടെത്തി കഴിഞ്ഞാല്‍, ഈ വിവരം സൈന്യത്തിന് ലഭിക്കും. തുടര്‍ന്ന് ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അര്‍ജുന്‍ എന്ന പരുന്തിനെ ഡ്രോണിനെ കണ്ടെത്തിയ സ്ഥലത്തേക്ക് അയക്കും. ഡ്രോണുകളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച പരുന്ത് കൃത്യമായി അതിനെ കണ്ടെത്തുകയും അതിനെ തകര്‍ക്കുകയുമാണ് ചെയ്യുന്നത്.

ഈയിടെയായി കശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്താനില്‍ നിന്നും ഡ്രോണുകള്‍ വന്ന് ആയുധങ്ങളും പണവുമെല്ലാം ഭീകരര്‍ക്ക് എത്തിച്ചതായി വിവരം ലഭിച്ചിരുന്നു. റഡാറുകളുടെ ശ്രദ്ധയില്‍ പെടാതെ എത്തുന്ന ഇത്തരം  ഡ്രോണുകളെ കൈകാര്യം ചെയ്യാന്‍ ഇനി പരുന്തുകളെ കാര്യമായി രംഗത്തിറക്കാനാണ് സേന ആലോചിക്കുന്നത്. 

ഇതടക്കം പുതിയ നിരവധി സൈനിക തന്ത്രങ്ങളാണ് രണ്ട് ആഴ്ചകളിലായി നടക്കുന്ന ഇരു രാജ്യങ്ങളുടെയും സംയുക്ത അഭ്യാസത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week