കൊച്ചി: ഗൂഢാലോചനക്കേസില്‍ ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന് കോടതി പറയുന്നു. ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദവും കോടതി തള്ളി. പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാനാവില്ല. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും കൈവശമുണ്ടായിരുന്ന ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു.
ഗൂഢാലോചനക്കേസില്‍ ഹൈക്കോടതി ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രിംകോടതിയെ സമീപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തത്കാലം സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അപ്പോള്‍ ആലോചിക്കാം എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഹൈക്കോടതി വിധി പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ സുപ്രിംകോടതിയെ സമീപിച്ചാല്‍ അപ്പീല്‍ തള്ളാനാണ് സാധ്യതയെന്നും പ്രോസിക്യൂഷന്‍ കണക്കുകൂട്ടുന്നു. നേരത്തെ, വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാമെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിധിപ്പകര്‍പ്പ് വായിച്ചതിനു ശേഷമാണ് അത് വേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചത്.
കേസിന്റെ അന്വേഷണവുമായി പ്രതികള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉപാധികള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.