രാജ്യത്ത് ഡീസലും സെഞ്ചുറിയടിച്ചു; ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: കൊവിഡ് മഹാമാരിക്കിടെ ഇരുട്ടടിയായി ഇന്ധനവില വീണ്ടും ഉയരങ്ങളിലേക്ക്. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപയും ഡീസലിന് 1.23 രൂപയും വര്‍ധിച്ചു.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.44 രൂപയും കാസര്‍ഗോഡ് 100.51 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 95.45 രൂപയാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 98 രൂപ മറികടന്നു. 98.68 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില 93.79 രൂപ. കോഴിക്കോട് പെട്രോളിന് 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ് വില.

ഇതിനിടെ രാജ്യത്ത് പെട്രോളിനു പിന്നാലെ ഡീസലിനും 100 രൂപയ്ക്കു മുകളിലായി വില. മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഒഡീഷയിലെ വിദൂര പട്ടണങ്ങളിലുമാണ് ഡീസല്‍ വിലയും സെഞ്ചുറിയടിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 57 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഈ മാസം 16 തവണ വിലകൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News