കൃഷ്ണഗിരി: 65,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വയോധികന്. കാഴ്ചയ്ക്ക് തകരാറുള്ള അറുപത്തിയഞ്ചുകാരനായ ചിന്നക്കണ്ണ് എന്നയാളാണ് തന്റെ സമ്പാദ്യമായ പഴയ നോട്ടുകള്‍ മാറ്റി നല്കണമെന്നുള്ള അഭ്യര്‍ത്ഥനയുമായി കൃഷ്ണഗിരി ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ എത്തിയത്.
തന്റെ കൈവശമുള്ള 65,000 രൂപ വരുന്ന 1000ത്തിന്റെയും 500ന്റെയും അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. താന്‍ വര്‍ഷങ്ങളായി ഭിക്ഷ യാചിച്ച് സമ്ബാദിച്ച ഈ തുക തന്റെ ജീവിതകാലത്തെ സമ്ബാദ്യമാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
കൃഷ്ണഗിരി ജില്ലയിലെ ചിന്നഗൗണ്ടനൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് 65കാരനായ ചിന്നക്കണ്ണ്. അഞ്ചാം വയസ്സുമുതല്‍ ചിന്നക്കണ്ണ് കാഴ്ച വൈകല്യം മൂലം കഷ്ടപ്പെടുന്നുണ്ട്. തന്റെ ഗ്രാമത്തിലെ ഒരു കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ചിന്നക്കണ്ണ് ഭിക്ഷാടനത്തിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്.
ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചിന്നക്കണ്ണിനോട് ചോദിച്ചപ്പോള്‍, നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് ചില അസുഖങ്ങള്‍ ബാധിക്കുകയുണ്ടായി എന്നും, അതിന്റെ പരിണിതഫലമായി ഓര്‍മ്മക്കുറവ് ഉണ്ടായി എന്നും തന്റെ ജീവിതകാല സമ്ബാദ്യമായ 65,000 രൂപ എവിടെയാണ് സൂക്ഷിച്ചതെന്ന് താന്‍ മറന്നു പോയി എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.