EntertainmentKeralaNewsUncategorized

ജോര്‍ജുകുട്ടി ആരെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല, കാണികളെ നടുക്കി ദൃശ്യം 2

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. എന്നാൽ ദൃശ്യം 2 ഇതിനെയെല്ലാം മാറ്റിമറിച്ചു. ജോര്‍ജുകുട്ടി ആരെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ ഈയിടെ ഒരു സംവാദത്തില്‍ പറഞ്ഞത് വെറുവാക്കല്ല-ദൃശ്യം 2 വിന്റെ അവസാന സീന്‍ കണ്ട് കഴിയുന്ന എതൊരാള്‍ക്കും ഇത് തന്നെയാകും തോന്നുക.

ഇത്തവണയും അയാള്‍ സിനിമ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകന്റെയും കഥയില്‍ കേസന്വേഷിക്കുന്ന പൊലീസുകാര്‍ക്കും ഒരു മുഴം മുന്നില്‍ തന്നെയായിരുന്നു. പൂര്‍ണതയുള്ള ഒരു സിനിമയാണ് ദൃശ്യമെങ്കില്‍,​ അതിന്റെ തികവുറ്റ രണ്ടാം ഭാഗമാണ് ദൃശ്യം 2. നിറുത്തിയിടത്ത് നിന്ന് തുടങ്ങി സകലരെയും ഞെട്ടിച്ച ആദ്യ സിനിമയുടെ ക്ലൈമാക്സില്‍ നിന്നാണ് ദൃശ്യം 2ന്റെ ആരംഭം.സാക്ഷികളില്ലാതെയാണ് താന്‍ വരുണിന്റെ മൃതശരീരം മറവ് ചെയ്‌തെന്ന് ജോര്‍ജുകുട്ടിയുടെ അടിയുറച്ച വിശ്വാസം അസ്ഥാനത്താണെന്ന് കാണിച്ചാണ് സിനിമ തുടങ്ങുന്നത്.

അന്ന് തന്നെ മറ്റൊരു കൊലപാതകം ആ നാട്ടില്‍ നടക്കുകയും അതിലെ പ്രതി പൊലീസില്‍ നിന്ന് ഓടിയൊളിക്കാനുള്ള ശ്രമത്തിനിടയില്‍ ജോര്‍ജുകുട്ടി രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സാക്ഷിയാകുകയും ചെയ്യുന്നു. എന്നാല്‍ ജോര്‍ജുക്കുട്ടി എന്തിനവിടെ പോയെന്ന് അയാള്‍ക്ക് വ്യക്തമല്ല. ആ രാത്രി തന്നെ അയാള്‍ പൊലീസ് പിടിയിലാകുന്നു. ആറ് വർഷങ്ങൾക്ക് ശേഷം ജോര്‍ജുകുട്ടിയുടെ ജീവിതത്തിലേക്ക് കാമറക്കണ്ണുകള്‍ തിരിയുന്നു. കാണാതായ വരുണ്‍ പ്രഭാകര്‍ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം തേടിയാണ് ഇതിലെ അന്വേഷണം.

വരുണിന്റെ ‘അമ്മയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഗീത പ്രഭാകര്‍(ആശാ ശരത് )ക്കു വേണ്ടി ബാച്ച്‌ മേറ്റ് ബാസ്റ്റിന്‍ തോമസ് (മുരളി ഗോപി ) എന്ന ഐജി നടത്തുന്ന വ്യക്തിപരമായ അന്വേഷണമാണ് കഥയെ നിയന്ത്രിക്കുന്നത്. രാജാക്കാട് പോലീസ് സ്റ്റേഷനുള്ളില്‍ മറവു ചെയ്ത വരുണിന്റെ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുന്നതാണ് നിര്‍ണായക മുഹൂര്‍ത്തം. എന്നാല്‍ താന്‍ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച്‌ വ്യക്തമായ ബോധ്യമുള്ള ജോര്‍ജുകുട്ടി അതിനെ നേരിടുന്ന രീതിയാണ് രണ്ടാം ഭാഗത്തെ പ്രേക്ഷകന് ആദ്യ ഭാഗത്തിനേക്കാള്‍ മിഴിവുള്ളതാക്കുന്നത്.പതിഞ്ഞ താളത്തില്‍ പോകുന്ന നായകന് ഒപ്പമാണ് ജയിക്കാനായി ഇറങ്ങിയ പ്രതിനായകനായ ഐജി.

അദ്യ ഭാഗത്തിലെ മോഹന്‍ലാല്‍ ഒരു തനി സാധാരണക്കാരന്റെ ഗെറ്റപ്പായിരുന്നു. രണ്ടാം ഭാഗത്തെത്തിയപ്പോള്‍ ആള്‍ക്ക് ചെറിയ രൂപമാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു സ്റ്റൈലന്‍ താടിയുണ്ട്. എന്നാല്‍ ആള്‍ ഒട്ടും മാറിയിട്ടില്ല. പ്രസന്നവദനനായ കുടുംബസ്ഥനായ അതേ വ്യക്തിയാണ് അയാളിപ്പോഴും. കഥയ്ക്ക് പിരിമുറുക്കം നല്‍കുന്നതില്‍ ഏറെ സഹായിക്കുന്ന പാത്ര സൃഷ്ടിയും അവതരണവും. സങ്കീര്‍ണമായ ഈ കഥാപാത്രത്തെ അനായാസമായ ശരീര ഭാഷയിലൂടെയിലൂടെയാണ് മുരളിഗോപി പകരുന്നത്. ഒരു സീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ പോലും കഥാഗതിയില്‍ നിര്‍ണായകമാകുന്ന തരത്തില്‍ കെട്ടുറപ്പുള്ള തിരക്കഥയാണ് സംവിധായകന്‍ ജിത്തു ജോസഫിന്റെത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker