കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പിതാവ് എഴുതിയ കവിത പങ്കുവെച്ച് എസ്എഫ്ഐ ഓൾ ഇന്ത്യ പ്രസിഡന്റ് വി പി സാനു. ഒരച്ഛന്റെ നൊമ്പരം എന്ന തലക്കെട്ടോടെയാണ് കവിതയുള്ളത്. ഖദറിട്ട കാട്ടാളനാം കൊലയാളീ… നിൻ കത്തിമുനയാൽ… എൻ കുഞ്ഞിന്റെ ഹൃദയം കുത്തിക്കീറിയില്ലേ എന്ന് രാജേന്ദ്രൻ കവിതയിലൂടെ ചോദിക്കുന്നു. ഗാന്ധിജിയുടെ ആശയം തകർത്തെറിഞ്ഞ നീയൊരു കോൺഗ്രസുകാരനാണോയെന്നും കോൺഗ്രസുകാരനാക്കിയ നേതാവ് ആരെന്ന് പറയാനും രാജേന്ദ്രൻ കുറിച്ചു.
ധീരജ് വധക്കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയത്. ഇവരെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി.
ഒന്നാം പ്രതി നിഖിൽ, നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയ് മോൻ സണ്ണി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാവശ്യപെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മൂന്നു പേരെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. രക്ഷപെടുമ്പോൾ നിഖിലിനോപ്പം കാറിൽ ഉണ്ടായിരുന്നവരാണ് നിതിനും സോയ് മോനും.