31.1 C
Kottayam
Wednesday, May 15, 2024

ഡി.ജി.പിയുടെ ഭാര്യക്കെന്താ കൊമ്പുണ്ടോ? ബെഹ്‌റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ

Must read

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് അര്‍ധരാത്രിവരെ പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ. ഏമാന്റെ ഭാര്യ കഴക്കൂട്ടം ബൈപ്പാസില്‍ കുരുക്കില്‍ കിടന്നതിന് തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക്കിന്റെ ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും രണ്ട് സിഐമാര്‍ക്കുമാണ് വിചിത്ര ശിക്ഷ വിധിച്ചത്. ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗം മേധാവിയാണ് ബെഹ്റയുടെ ഭാര്യ. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതില്‍ പ്രകോപിതനായാണ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

തിരുവനന്തപുരത്ത് വൈകിട്ട് ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പോലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പോലീസ് തടഞ്ഞു. ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡിജിപിയുടെ ഭാര്യ കുരുക്കില്‍പ്പെട്ടത്.

ഇതോടെ ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പോലീസ് ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ട് നില്‍പ്പ് ശിക്ഷ നല്‍കുകയായിരുന്നു. അതേസമയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പോലീസ് ആസ്ഥാനത്ത് നില്‍ക്കേണ്ടിവന്ന ഇവരെ ഒടുവില്‍ സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് പോകാന്‍ അനുവദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week