തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ കേസ് വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോപണങ്ങളില്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാഗം കേള്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്.
ചില സാഹചര്യങ്ങളില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമല്ലാത്ത വ്യക്തി താല്‍പ്പര്യമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകാമെന്നും ഇത് മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടാകാമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ അതിന്റെ പേരില്‍ കേസെടുത്താന്‍ വ്യക്തിഹത്യയ്ക്കുപരി സര്‍വീസിനേയും ബാധിക്കും. ഭരണകാര്യങ്ങളില്‍ തടസമുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതിനിടെ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഡിജിപിയുടെ സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കേസുകള്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിമര്‍ശനം. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ഡിജിപി പറയുന്നു.