തിരുവനന്തപുരം: കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായത് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗസംഘത്തില്‍ സൈബര്‍ ശാസ്ത്ര വിദഗ്ദരും ഉള്‍പ്പെടും. സംസ്ഥാന ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സന്ദേശം കൈമാറി.കൊല്ലം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അന്വേഷണം ഏകോപിപ്പിച്ച് ദേവനന്ദയുടെ വീട്ടില്‍ തങ്ങുകയാണ്.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.
പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.