കൊച്ചി∙ കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ ലൈംഗിക ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം.
യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബീയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. രക്ഷപെട്ട് ഓടുമ്പോൾ പിന്തുടർന്നെത്തിയ പ്രതി കത്തി കാട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിടിയിലായ അജീഷ് എറണാകുളം സെൻട്രൽ, അങ്കമാലി, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം.രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ആർ.അനിൽ, കെ.പി.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.