NationalNews

കുപ്രസിദ്ധ ഗുണ്ടയെ ഡല്‍ഹി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പോലീസിന്റെ കണ്ണ് വെട്ടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാംഗിലെ അംഗമായ കുല്‍ദീപ് ഫസ്സയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

മൂന്ന് ദിവസം മുന്‍പ് ജിടിബി ആശുപത്രിയില്‍ വെടിവെപ്പ് നടത്തി പോലീസിന്റെ പിടിയില്‍ നിന്നും ഇയാള്‍ രക്ഷപെട്ടിരുന്നു. ഈ ഏറ്റുമുട്ടലില്‍ കുല്‍ദീപിന്റെ കൂട്ടാളി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട കുല്‍ദീപ് രോഹിണി സെക്ടര്‍ 14ല്‍ ഒളിവില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് ഫ്‌ലാറ്റ് വളഞ്ഞ പോലീസ് കീഴടങ്ങാന്‍ കുല്‍ദീപിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ കുല്‍ദീപിനെ ഉടന്‍ അംബേദ്കര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചു.

ജിടിബിയില്‍ കുല്‍ദീപ് പതിവായി ചികിത്സക്ക് എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് ഇയാളെ പിടികൂടാന്‍ വ്യാഴാഴ്ച എത്തിയത്. പക്ഷേ, കുല്‍ദീപിന് ഒപ്പമുണ്ടായിരുന്ന കൂട്ടാളികള്‍ പോലീസിനുനേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. കുല്‍ദീപിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുര്‍ഗാവില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ കുല്‍ദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും ഗോഗി ഗ്യാംഗിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് എന്‍കൗണ്ടര്‍ നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button