ന്യൂഡൽഹി: ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ കടുത്ത നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനെ സർക്കാർ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റി. സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെയാണ് സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണിയാണ് കേജ്‌രിവാൾ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതോടെ വ്യക്തമായി.
പൊതുപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ സൂചിപ്പിച്ചിരുന്നു. ‘‘തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലൂടെ മാത്രമേ പ്രവർത്തിക്കൂ’’– ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു. ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനോ തനിക്ക് കഴിയുന്നില്ലെന്ന് കേജ്‌രിവാൾ വർഷങ്ങളായി പരാതിപ്പെട്ടിരുന്നു.
നിയന്ത്രണ അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണെന്നതിനാൽ ഉദ്യോഗസ്ഥർ സർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും കേജ്‌രിവാൾ ആരോപിച്ചു. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നാണ് വ്യാഴാഴ്ച സുപ്രീം കോടതി വിധിച്ചത്. ഡൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച് കേജ്‍രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ്, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി.
ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങൾ ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തിയിരുന്നു.