സ്‌കൂളുകള്‍ക്ക് അവധി,പരീക്ഷകള്‍ മാറ്റി,കിഴക്കന്‍ ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി,സംഘര്‍ഷം തുടരുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഭജന്‍പുരയില്‍ വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു. ഭജന്‍പുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സുരക്ഷയ്ക്കായി 8 കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്.

കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നല്‍കരുതെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആഭ്യര്‍ത്ഥിച്ചു. കജുരി ഖാസില്‍ കൂടുതല്‍ സേനയെ വ്യന്യസിച്ചിരിക്കുകയാണ്. അതേസമയം വടക്കു കിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രതന്‍ലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു.

ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ രാജ്യ തലസ്ഥാനം പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരില്‍ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വീടുകള്‍ക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഗോകുല്‍പുരി, ഭജന്‍പുര, ബാബര്‍പൂര്‍ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘര്‍ഷം വ്യാപിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്.

സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളില്‍ അക്രമം തുടരുകയാണ്. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി പ്രതികരിച്ചു. ക്രമസമാധാനം ഉറപ്പു വരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷായോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് രാഹുള്‍ ഗാന്ധി ആഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News