മുംബൈ: നടൻ സൽമാൻ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് സൂപ്പർതാരത്തിന് തോക്ക് ലൈസൻസ് അനുവദിച്ചത്. അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായതിനേത്തുടർന്ന് സൽമാൻ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തത്.
സൽമാന്റെ അപേക്ഷ ലഭിച്ചയുടൻ ഇത് താരം താമസിക്കുന്ന സോൺ 9-ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
അതേസമയം ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധർ പറയുന്നത്.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. മേയ് 29-നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ച് കൊല്ലപ്പെട്ടത്.
അതേസമയം, ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിലാണ് സല്‍മാന്‍ നിലവില്‍ അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയും സൽമാനും ഗോഡ്ഫാദറിൽ ഒന്നിച്ച് ചുവടുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദർ’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.