ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തുക. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത പുതുക്കിയത്.
ഏഴാ ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് വര്‍ധന. നിലവില്‍ അടിസ്ഥാനശമ്പളത്തിന്റെ 31 ശതമാനമാണ് ക്ഷാമബത്ത. ഇതില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വിലക്കയറ്റം കണക്കാക്കിയാണ് ക്ഷാമബത്ത പുതുക്കുന്നത്.
നിലവില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷാമബത്ത ഉയര്‍ത്തിയത് ജീവനക്കാര്‍ക്ക് ആശ്വാസമാകും. 9544 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി കേന്ദ്രസര്‍ക്കാരിന് ഉണ്ടാവുക. 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.2ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇത് പ്രയോജനം ചെയ്യുക.