കണ്ണൂരില്‍ കാറിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജഡം; ദുരൂഹത

കണ്ണൂര്‍: നഗരമധ്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ് ശ്രീജിത്ത്. കാറിന്റെ മുന്‍ഭാഗത്ത് ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറ് തന്നെയാണിത്. കാറിന്റെ മുന്‍ഭാഗത്ത് ഉറപ്പിച്ചിരുന്നു റെയര്‍ ക്യാമറ താഴെ വീണു കിടക്കുന്നത് കാറിനുള്ളില്‍ മല്‍പ്പിടിത്തം ഉണ്ടായതിന്റെ ലക്ഷണമായി പോലീസ് കരുതുന്നു. വാഹനത്തിനുള്ളില്‍ നിന്നു മദ്യത്തിന്റെ സാന്നിദ്ധ്യവും പോലീസ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News