വാക്ക് തര്‍ക്കം; കൊല്ലത്ത് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളം കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചുപാര്‍വതി മരിക്കുന്നത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

അയല്‍വാസികളോട് വിവരം തിരക്കിയപ്പോള്‍ മൂവരും ചേര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായി പോലീസിനു വിവരം ലഭിച്ചു. സംശയം തോന്നിയ പോലീസ് സംസ്‌കരണ ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിച്ചു.

പിന്നീട് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേതുടര്‍ന്നു കൊച്ചുപാര്‍വതിയുടെ മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സന്തോഷ് കൊച്ചുപാര്‍വതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ തലയിടിച്ചതാണു മരണകാരണമെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News