കൊല്ലം: കൊല്ലത്ത് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നൃത്ത അധ്യാപകനായ പാറപ്പുറം സ്വദേശി ശ്യാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ശ്യാമെന്ന് എക്സൈസ് വ്യക്തമാക്കി.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ശ്യാം. എംഡിഎംഎ അര ഗ്രാമിന് രണ്ടായിരം രൂപ നിരക്കിലായിരുന്നു കച്ചവടം. ശ്യാമിന്‍റെ ലഹരി മരുന്ന് വിൽപ്പനയെക്കുറിച്ചു രഹസ്യ വിവരം കിട്ടിയ എക്സൈസ് കുണ്ടറ ചെറുമാട് കൃഷിഭവനിൽ വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 6 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തു. വിൽപ്പന നടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
നൃത്ത അധ്യാപകനായ പ്രതി നിരവധി വിദ്യാർഥികളെയും കെണിയിൽ വീഴ്ത്തിയതായാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ തൃശ്ശൂരില്‍ പിടിയിലായി. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശിബെനഡിക്റ്റ് എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.