മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ദളിത് ദമ്പതികളെ മേല്‍ജാതിക്കാര്‍ വെട്ടിക്കൊന്നു

ഈറോഡ്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദളിത് ദമ്പതികളെ മേല്‍ജാതിയില്‍പ്പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഈറോഡില്‍ കൊടുമുടി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ് മേല്‍ജാതിക്കാരുടെ അക്രമത്തില്‍ മരിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ സൂര്യ, പിതാവ് സ്വാമിനാഥന്‍, സുഹൃത്ത് കിരുബ ശങ്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്ന സൂര്യയും സുഹൃത്തുക്കളും അതുവഴി വന്ന രാമസാമിയുടെ മകളെയും മരുമകനെയും പേരക്കുട്ടിയെയും അശ്ലീലം പറയുകയും പരിഹസിക്കുകയുമായിരുന്നു.

രാമസാമിയും ദളിത് കോളനിയിലെ താമസക്കാരും ഇതു ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി. രാമസാമിയും ഗ്രാമീണരും ചേര്‍ന്നു മര്‍ദിച്ചതോടെ സൂര്യയും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു. ഇതിന്റെ പ്രതികാരമായിട്ടാണ് സൂര്യയും സംഘവും രാമസാമിയുടെ വീട് ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News