ഡി-സോൺ കലോത്സവ സംഘര്‍ഷം: ആംബുലന്‍സിനുള്ളില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ ‘സെല്‍ഫി’ വിവാദം കത്തുന്നു

മാള: ഡി. സോണ്‍ കലോത്സവത്തിലെ കൂട്ടയടിയുമായി ബന്ധപ്പെട്ട് കെ.എസ്.യു. ജില്ലാപ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു.തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഗോകുല്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ആംബുലന്‍സ് ആക്രമിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന നാല് എസ്.എഫ്.ഐ.പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു.

ആംബുലന്‍സില്‍നിന്നുള്ള സെല്‍ഫിചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായി. ആംബുലന്‍സില്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരല്ലെന്ന് സാമൂഹികമാധ്യമത്തില്‍ വന്ന ചിത്രം ചൂണ്ടിക്കാട്ടി വാദം ഉയര്‍ന്നിരുന്നു. എന്നാല്‍, ആക്രമിക്കപ്പെട്ട ആംബുലന്‍സും സെല്‍ഫി എടുത്ത ആംബുലന്‍സും രണ്ടാണെന്നാണ് കെ.എസ്.യു.വിന്റെ വിശദീകരണം.

സംഘര്‍ഷങ്ങള്‍ക്കിടെ പെട്ടുപോയ വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച ആംബുലന്‍സിലുള്ള ചിലരാണ് സെല്‍ഫി എടുത്തത്. കലോത്സവത്തിന് മീഡിയവിഭാഗം കൈകാര്യംചെയ്ത വൊളന്റിയര്‍മാരും ഇതിലുണ്ടായിരുന്നു. കെ.എസ്.യു. അനുഭാവമുള്ളവരും നിഷ്പക്ഷ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘത്തെയാണ് ആംബുലന്‍സില്‍ പുറത്തെത്തിച്ചതെന്നാണ് കെ.എസ്.യു.വിന്റെ വിശദീകരണം.

ഡി.സോണ്‍ കൂട്ടയടിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പലയിടത്തും ഇരു സംഘടനാപ്രവര്‍ത്തകരും ഏറ്റുമുട്ടി. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷിന് കിള്ളിമംഗലം സര്‍വീസ് സഹകരണബാങ്കില്‍ മര്‍ദനമേറ്റു. അമല ആശുപത്രി ഐ.സി.യു.വിലാണ് ഗണേഷ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പി.ജി. ഹോസ്റ്റലിനു മുന്നില്‍വെച്ച് ഒരു വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു. സെയ്ന്റ് തോമസ് കോളേജ്, ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളേജ്, കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.കോളേജ്, കയ്പമംഗലം അസ്മാബി കോളേജ് എന്നിവിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെ.എസ്.യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറര്‍ സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. ആലുവയില്‍ നിന്നാണ് മാള പോലീസ് ഇവരെ പിടികൂടിയത്.  ഇവരടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരുക്കേറ്റ ആശിഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവിടെയെത്തി ആശിഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തത്.

അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്‌ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. സ്‌കിറ്റ് മത്സരം തീര്‍ന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്‌ഐക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കെഎസ്‌യുക്കാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണെന്നും ചെയര്‍ പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News