അറസ്റ്റിലായിട്ടും ചെന്താമരയ്ക്ക് കൂസലില്ല,ആദ്യം ചോദിച്ചത്‌ ചിക്കനും ചോറും; കൊടുത്തത്‌ ഇഡ്ഡലിയും കറിയും ഓംലെറ്റും

പാലക്കാട് : ”വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കാന്‍വേണം”-35 മണിക്കൂറിനുശേഷം പിടിയിലായ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പോലീസിനോട് ആദ്യം പറഞ്ഞത് ഇതാണ്. എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ ചിക്കനും ചോറും എന്നായിരുന്നു മറുപടി. എന്നാല്‍, രാത്രി സ്റ്റേഷനിലെ മെസ്സിലുണ്ടായിരുന്ന ഇഡ്ഡലിയും കറിയും പിന്നീട് ഓംലെറ്റുമാണ് പ്രതിക്ക് നല്‍കിയത്.

ചെന്താമരയുടെ വീടിന്റെ പുറകുവശത്തുള്ള നെല്‍പ്പാടത്തിനുസമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ചെന്താമര സഹോദരന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുന്‍പ്, സജിതയെ കൊലപ്പെടുത്തിയപ്പോഴും ഭക്ഷണം കഴിക്കാനായി പ്രതി സഹോദരന്റെ വീട്ടിലെത്തിയിരുന്നു. ഇതുമനസ്സിലാക്കി പോലീസ് സഹോദരന്റെ വീട്ടില്‍ നിലയുറപ്പിച്ചു. ഇതിനിടെയാണ് മലയുടെ മുകളില്‍ കഴിഞ്ഞ പ്രതി സ്വന്തം വീട്ടിലേക്ക് വന്നത്.

ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പിടിയിലായ ചെന്താമരയുടെ വീട്ടില്‍ പോലീസ് ഫോറന്‍സിക് പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെ ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടുപേരെ കൊന്നശേഷം തിരിച്ച് തന്റെവീട്ടിലെത്തി കൊടുവാള്‍ സൂക്ഷിച്ച്, പുറകിലെ കമ്പിവേലി മറികടന്ന് കാട്ടിലേക്ക് പോയെന്നാണ് ചെന്താമര പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇട്ടിരുന്ന വസ്ത്രംതന്നെ ധരിച്ചാണ് കാട്ടിലേക്ക് ഓടിയത്.

തിരിച്ച് വീട്ടിലേക്കുവരുമ്പോള്‍ പോലീസ് പിടികൂടിയതിനാല്‍ ഇട്ടിരുന്ന ഷര്‍ട്ട് വീട്ടില്‍ അഴിച്ചുവെപ്പിച്ച് മറ്റൊരുഷര്‍ട്ട് ധരിപ്പിച്ചാണ് പോലീസ് കൊണ്ടുപോയിരുന്നത്. കാട്ടിലേക്കുപോകാനായി കമ്പിവേലി മറികടക്കുന്നതിനിടെ ദേഹത്ത് ചെറിയ മുറിപ്പാടുണ്ടായതായി ചെന്താമര പറഞ്ഞു. ഈ മൊഴി പരിശോധിക്കാനാണ് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തിയത്. ഷര്‍ട്ടിലെയും കമ്പിവേലിയിലെയും രക്തക്കറ പരിശോധിച്ചു. ചെന്താമരയുടെ ചെരിപ്പുകളും വീടിന്റെ അകവും പരിശോധിച്ചു.

കൃത്യംനടത്താനായി ചെന്താമര ഉപയോഗിച്ച എലവഞ്ചേരിയിലെ പണിശാലയില്‍നിന്നും വാങ്ങിയ കൊടുവാള്‍ പോലീസ് കണ്ടെത്തിയിരുന്നു. കൊടുവാളിലെ കൈപ്പിടിക്ക് നീളംകൂട്ടുന്നതിനായി പ്രത്യേകരീതിയില്‍ പണിയിച്ച് വാങ്ങി, മരപ്പിടിയിട്ട് കൊടുവാള്‍ ബലപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്. വിഷക്കുപ്പിയും വീട്ടിലുണ്ടായിരുന്നു. ഇവയെല്ലാം നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.

ഫോറന്‍സിക് വിദഗ്ധരുമായി പോലീസെത്തിയപ്പോഴും നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ വെറുതെ വിടരുതെന്നും പുറത്തിറക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജാമ്യത്തില്‍വിട്ടാല്‍ പോലീസായിരിക്കും ഇനിയുള്ള കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും ആരോപിച്ചു. പ്രതികരണങ്ങള്‍ക്ക് മുതിരാതെ പോലീസ് ഒഴിഞ്ഞുമാറി. ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോഴും വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ നാലരയോടെയാണ് ഇയാളെ കോടതിയിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News