മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു;49 ാം വയസില്‍ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച് അമ്മ

ഗാന്ധിനഗർ: മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടത് എന്നും ആ മാതാപിതാക്കൾക്ക് വിങ്ങലായിരുന്നു. ഏക മകന്‍റെ മരണം അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറം തന്നെ ആയിരുന്നു. ആ ദുഖം മറികടക്കാന്‍ മകന്‍റെ കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു അമ്മയുടെ തീരുമാനം. ഐവിഎഫ് ചികിത്സയ്ക്ക് ഒടുവില്‍ റിപ്പബ്ലിക് ദിനത്തില്‍ ആ അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി. ഇരട്ടക്കുട്ടികളില്‍ ഒരാളെ രാജ്യത്തെ സേവിക്കാനായി സൈന്യത്തിലയക്കുമെന്ന് അമ്മ വ്യക്തമാക്കി.

ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ ദുധല ഗ്രാമത്തിൽ നിന്നുള്ള പ്രതാപ്ഭായ് ചൗഹാന്‍റെയും കാഞ്ചൻബെൻ പ്രതാപ്ഭായ് ചൗഹാന്‍റെയും ഏക മകനായ നീരവ് എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് വ്യാമസേനയില്‍ ചേര്‍ന്നത്. എന്നാല്‍, 2022 -ൽ ചെന്നൈ എയർഫോഴ്സ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ നീരവ് കൊല്ലപ്പെട്ടു. ഏക മകന്‍റെ വേർപാട് അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും ഏറെയായിരുന്നു. മകന്‍റെ ഓർമ്മകളില്‍ ജീവിതം തള്ളി നീക്കിയ ഇരുവരും ഒടുവില്‍ കൊടിനാറിലെ ആർ എൻ വാല ആശുപത്രിയിൽ എത്തി. ഐവിഎഫ് ചികിത്സയ്ക്കുള്ള സമ്മതം അറിയിച്ചു.

നീരവിന്‍റെ അമ്മ 49 -കാരിയായ കാഞ്ചൻബെനെ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. ഒടുവില്‍, രാജ്യം 76 -ാം റിപ്പബ്ലിക് ദിനാചരണത്തില്‍ മുഴുകിയപ്പോൾ, മകന്‍റെ മരിക്കാത്ത ഓർമ്മകളില്‍ ആ അമ്മ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍കി. അമ്മയും രണ്ട് ആണ്‍കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആർ എൻ വാല ആശുപത്രി അധികൃതര്‍ അറിയിച്ചു.

“ഞങ്ങളുടെ മകൻ നീരവ് ഭാവ്നഗറിൽ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലായിരുന്നു ആദ്യ നിയമനം. രാജ്യത്തെ സേവിക്കാൻ അവന്‍ ആഗ്രഹിച്ചു. രാജ്യത്തെ സേവിക്കുന്നതിനിടെ ചെറുപ്രായത്തിൽ തന്നെ അവന്‍ രക്തസാക്ഷിത്വം വരിച്ചു, പക്ഷേ, ഐവിഎഫ് ചികിത്സയിലൂടെ ഇന്ന് ഞങ്ങളുടെ കുടുംബത്തിൽ രണ്ട് ആൺമക്കൾ ജനിച്ചു. രാജ്യത്തെ സംരക്ഷിക്കാൻ ഞാൻ ഒരു മകനെ ഞാന്‍ വീണ്ടും സൈന്യത്തിലേക്ക് അയയ്ക്കും.” സുഖാന്വേഷണങ്ങളുമായെത്തിയ കാഞ്ചൻബെൻ വ്യക്തമാക്കി. ഇപ്പോൾ ഇവരുടെ ഈ നെഞ്ചുഞ്ഞ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചാവിഷയം ആയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News