ബംഗളുരു : കർണാടക സർക്കാരിനെതിരെ കണ്ണൂരിലെ ക്ഷേത്രത്തിൽ കൂട്ട മൃഗബലിയോടെ ശത്രുസംഹാര പൂജ നടത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായതോടെ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയാണ് പൂജ നടന്നതെന്ന് ശിവകുമാർ എക്സിൽ കുറിച്ചു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഞാൻ രാജരാജേശ്വരി ദേവിയുടെ വലിയ വിശ്വാസിയും ഭക്തനുമാണ്, രാജരാജേശ്വരി ക്ഷേത്രത്തിൽ ‘ശത്രുസംഹാരപൂജ’ നടത്താറില്ലെന്ന് എനിക്കറിയാം. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട. രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്വകാര്യ സ്ഥലത്ത് ഈ പൂജ നടത്തുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചതിനുള്ള ഒരേയൊരു കാരണം , ഈ പൂജ നടക്കുന്ന സ്ഥലത്തിനെ കുറിച്ച് ഒരു സൂചന നൽകുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാരിനെതിരെ കണ്ണൂരിലെ ക്ഷേത്രത്തിൽ കൂട്ട മൃഗബലിയോടെ ശത്രുസംഹാര പൂജ നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ വെളിപ്പെടുത്തൽ. കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവാണ് പിന്നിലെന്നായിരുന്നു ആരോപണം. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തളി രാജരാജേശ്വര ക്ഷേത്രമെന്നായിരുന്നു സൂചന.
എന്നാൽ, രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടത്താറില്ല. ശിവകുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ക്ഷേത്ര ഭാരവാഹാകൾ വിശദീകരണവുമായെത്തി. സംസ്ഥാനത്തെ ഒരു ക്ഷേതത്തിലും ഇത്തരം ദുരാചാരങ്ങളില്ലെന്ന് ദേസ്വം മന്ത്രി കെ.രാധാകൃഷ്ണനും പ്രതികരിച്ചു.
കൈയിലെ രക്ഷാച്ചരടും വളയും എന്തിനെന്ന് വ്യാഴാഴ്ച ബംഗളൂരുവിൽ വാർത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ പ്രതികരണം. തനിക്കെതിരെയുള്ള ദുഷിച്ച കണ്ണുകളെ തടയാനെന്നും വിശദീകരിച്ചു. കേരളത്തിലെ ഒരു രാജരാജേശ്വരീ ദേവസ്ഥാനത്ത് എന്നാണ് ശിവകുമാർ പറഞ്ഞത്. ഇതോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമാണെന്ന് പ്രചരിച്ചു. രാജരാജേശ്വര ക്ഷേത്രത്തിൽ കർണാടകയിലെ നേതാക്കൾ എത്തുന്നത് പതിവാണ്. ബി.ജെ.പി മുൻ മുഖ്യമന്ത്രിമാരായ യെദിയൂരപ്പയും സദാനന്ദ ഗൗഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇവിടെ എത്തിയിരുന്നു.