മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹാനപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പാല്‍ഘറില്‍ ചരോട്ടിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെ യാത്ര ചെയ്തിരുന്ന മറ്റൊരാളും മരിച്ചിട്ടുണ്ട്.
വൈകീട്ട് 3.15 ഓടെയാണ് അപകടം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഡ്രൈവറടക്കം അദ്ദേഹത്തിന്റെ കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മിസ്ത്രിയടക്കം രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
രത്തന്‍ ടാറ്റയുടെ വിരമിക്കലിന് പിന്നാലെ 2012-ലാണ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. 2016 ഒക്ടോബര്‍ വരെ പദവിയില്‍ തുടര്‍ന്നു. ടാറ്റ സണ്‍സിന്റെ ആറാം ചെയര്‍മാനായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പേരില്‍ ടാറ്റ ഗ്രൂപ്പിനെതിരെ മിസ്ത്രി ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയിരുന്നു. നിലവില്‍ എന്‍. ചന്ദ്രശേഖരന്‍ ആണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ്. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് എസ്പി ഗ്രൂപ്പിനാണ്.