അമ്മയ്‌ക്കൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകള്‍; നിയമനടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആണ്‍ ദമ്പതികള്‍

കൊച്ചി: അമ്മയ്ക്കൊപ്പം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റുകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആണ്‍ ദമ്പതികള്‍. കൊച്ചി സ്വദേശികളായ നികേഷും സോനുവുമാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വര്‍ഷം തുടര്‍ന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്.

സ്വവര്‍ഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞത് മുതല്‍ നികേഷും സോനുവും ഏറെ അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അമ്മക്കൊപ്പം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന കമന്റുകള്‍ നിറഞ്ഞത്. ജസ്റ്റിന്‍ ജോണി എന്ന പ്രൊഫൈലില്‍ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അധിക്ഷേപം തുടര്‍ന്നു. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീര്‍ണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു.

വ്യാജ പ്രൊഫൈലുകളുടെ മുഖംമൂടിക്ക് പിന്നില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ സാമാന്യവത്ക്കരിക്കപ്പെടുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു പടി കൂടി കടന്ന് യഥാര്‍ത്ഥ ഐഡന്റിറ്റിയില്‍ നിന്ന് അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോള്‍ എങ്ങനെ ഇനിയും നിയമടപടികളില്‍ പ്രതീക്ഷ വയ്ക്കുമെന്നാണ് നികേഷും സോനുവും ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News