ഐ ഫോണ്‍ വിവാദം; കോടിയേരിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യം.

നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ എകെജി ഫ്‌ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്.

മുന്‍പും നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ ഫോണ്‍ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News