തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്തുവെന്നാണ് വിവരം. ഒപ്പം സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടി.
അതേസമയം മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് കേസിലെ ഒന്നാം പ്രതി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് വെളിപ്പെടുത്തി. കസ്റ്റംസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. കോണ്‍സുലേറ്റില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്ത് ഔദ്യോഗിക വാഹനങ്ങളില്‍ സ്വര്‍ണം കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. താനും സ്വപ്നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്തിന്റെ മൊഴി.
കൂടാതെ പിഡബ്ലുസിക്ക് ഓഫീസ് തുറക്കാന്‍ എം ശിവശങ്കര്‍ നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമതയില്ലെന്ന് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.