തിരുവനന്തപുരം : സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിനു തടസ്സമില്ലെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞു മാത്രമേ അതുണ്ടാകൂ. ന്യൂഡൽഹിയിൽ നിന്ന് കസ്റ്റംസിന് ഈ നിർദേശം ലഭിച്ചുവെന്നാണു വിവരം.
അതേസമയം, ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദുബായിലുള്ള 2 മലയാളികളെ അടുത്തയാഴ്ച ചോദ്യം ചെയ്യും.
മലപ്പുറം ജില്ലക്കാരായ ലാഫിർ മുഹമ്മദ്, കിരൺ എന്നിവരെയാണു ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പ്രകാരം ഇവിടെ നിന്ന് യുഎഇ കോൺസുലേറ്റിലെ ഉന്നതൻ വഴി ദുബായിലെത്തിച്ച ഡോളർ ഇവർ രണ്ടുമാണ് ഏറ്റുവാങ്ങിയത്. ദുബായിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങൾക്കും ഇടനിലക്കാരാണ് ഇരുവരുമെന്നാണു കസ്റ്റംസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനു കേരളത്തിലെത്താൻ വിദേശകാര്യ വകുപ്പു വഴി ഇവരോട് ആവശ്യപ്പെട്ടിരുന്നു.