NationalNews

വൈദ്യുതി പോസ്റ്റിൽ കയറാൻ ഇനി വനിതകളും, ചരിത്രം കുറിച്ച് തെലുങ്കാന

ഹൈദരാബാദ്:മുൻപ് കടന്നുവരാൻ മടിച്ച പല തൊഴിൽ മേഖലകളിലും ഇപ്പോൾ സ്ത്രീകൾ ചുവടുറപ്പിക്കുകയാണ്. പൊതുവെ ലിംഗവിവേചനം നിലനിൽക്കുന്ന ഒരു ജോലിയാണ് ലൈൻമാന്റേത്. പോസ്റ്റിൽ കയറാനും ലൈനിലെ തകരാറുകൾ പരിഹരിക്കാനും സാധാരണയായി സ്ത്രീകളെ നിയമിക്കാറില്ല. എന്നാൽ, തെലങ്കാനയിലെ രണ്ട് സ്ത്രീകൾ സംസ്ഥാനത്തെ ആദ്യത്തെ ലൈൻവിമെനായി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.

ടി‌എസ്‌എസ്‌പി‌ഡി‌സി‌എൽ (തെലങ്കാന സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്) നടത്തിയ ജൂനിയർ ലൈൻമാൻ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ വിജയിച്ച ആദ്യ വനിതകളാണ് ഗണേശ്പള്ളി ഗ്രാമത്തിലെ ബബ്ബൂരി സിരിഷയും, മഹാഭൂബാബാദ് ജില്ല സ്വദേശിയായ വി ഭാരതിയും.

2019 -ൽ സിരിഷയും, ഭാരതിയും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും, അവരുടെ അപേക്ഷ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് ഈ ജോലി അപകടകരമാണെന്ന് ടിഎസ്എസ്പിഡിസിഎൽ വാദിച്ചു. പതിനെട്ട് അടി ഉയരമുള്ള വൈദ്യുത തൂണുകളിൽ ഇടയ്ക്കിടെ കയറേണ്ടതിനാൽ സ്ത്രീകൾക്ക് ലൈൻ വുമൺ ആയി ചുമതലകൾ നിർവഹിക്കാൻ പ്രയാസമാണ് എന്നവർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇലക്ട്രീഷ്യൻ വിഭാഗത്തിൽ ഐടിഐ പൂർത്തിയാക്കിയ സിരിഷയുൾപ്പെടെയുള്ള എട്ട് സ്ത്രീകൾ, ഹൈക്കോടതിയെ സമീപിച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അനുമതി നേടിയെടുത്തു.

തസ്തികയിലേക്ക് അപേക്ഷിച്ച എട്ട് പേരിൽ സിരിഷയും ഭാരതിയും എഴുത്തുപരീക്ഷയ്ക്ക് യോഗ്യത നേടി. എന്നിരുന്നാലും, ടി‌എസ്‌എസ്‌പി‌ഡി‌സി‌എൽ ഫലങ്ങളെ തടഞ്ഞുവച്ചു. അവർ വീണ്ടും കോടതിയെ സമീപിക്കാൻ നിർബന്ധിതരായി. രണ്ട് സ്ത്രീകളെയും പോൾ ടെസ്റ്റിന് അനുവദിക്കണമെന്ന് ഹൈക്കോടതി ടി‌എസ്‌എസ്‌പി‌ഡി‌സി‌എല്ലിന് നിർദേശം നൽകി. സിരിഷ ഒരു മിനിറ്റിനുള്ളിൽ പോസ്റ്റിൽ കയറി ഇറങ്ങി ഭാരതിക്കൊപ്പം തസ്തികയിലേക്ക് യോഗ്യത നേടി. അങ്ങനെ, വൈദ്യുത വകുപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ രണ്ട് വനിതാ ലൈൻവിമൻ അവരായി മാറി. 2020 ഡിസംബർ 23 -നാണ് ഇരു സ്ത്രീകളും പോൾ ടെസ്റ്റ് പൂർത്തിയാക്കിയത്.

ടെസ്റ്റ് തീർന്ന് ഒരു മാസത്തിനകം നിയമന കത്തുകൾ നൽകാൻ ഹൈക്കോടതി ടിഎസ്എസ്പിഡിസിഎലിന് നിർദേശം നൽകി.
സിരിഷ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജോലിയിൽ പ്രവേശിച്ചു. മാതാപിതാക്കളും, അമ്മാവനായ ടി‌എസ്‌പി‌ഡി‌സി‌എല്ലിന്റെ സബ് എഞ്ചിനീയർ ബി ശേഖറുമാണ് തന്റെ വിജയത്തിന് കാരണമെന്ന് സിരിഷ പറഞ്ഞു. അവളുടെ മാതാപിതാക്കളായ വെങ്കിടേഷും രാധികയും സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തവരാണ്. എന്നിരുന്നാലും മകൾക്ക് ആവശ്യമായ പിന്തുണ എല്ലാം അവർ നൽകുന്നു. അതേസമയം, പോസ്റ്റിൽ കയറുന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് അവൾ പറയുന്നു. അമ്മാവന്റെ മാർഗനിർദേശപ്രകാരം രണ്ട് മാസത്തോളം പരിശീലനം നേടിയ ശേഷമാണ് ഒരു മിനിറ്റിനുള്ളിൽ പോസ്റ്റിൽ കയറി ഇറങ്ങാൻ സിരിഷ കഴിവ് നേടിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker