പുനലൂര്‍: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ പോലിസ് കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് നീട്ടി. പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇന്ന് കാലാവധി തീരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള പങ്കിനെകുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കി. പത്ത് പവന്‍ ലോക്കറില്‍ നിന്ന് കണ്ടെത്തി.
അതേസമയം ഒരു തവണ കൂടി അടൂരിലെ വസതിയിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീമായ തെളിവെടുപ്പുകളുമായാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. സൂരജിന്റെ പിതാവിനെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനക്കേസും കൊല്ലം റൂറല്‍ പോലീസാണ് അന്വേഷിക്കുന്നത്.
ഗാര്‍ഹിക പീഡനം സംബന്ധിച്ച് ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പത്തനംതിട്ട പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസെടുക്കാന്‍ കൊല്ലം റൂറല്‍ പോലീസിനു കൈമാറുകയായിരുന്നു. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോള്‍ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു പരാതി.