കസ്റ്റഡി കൊലപാതകം; എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ രണ്ട് പോലീസുകാര്‍ കൂടി കേസില്‍ അറസ്റ്റില്‍. എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്.

ഇതോടെ കേസില്‍ നാല് പേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാത്രയില്‍ സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേശ്, ഹെഡ് കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവരെ സിബി സിഐഡി അറസ്റ്റ് ചെയ്തിരുന്നു. രഘു ഗണേശിന്റെ അറസ്റ്റ് വാര്‍ത്ത സാത്താന്‍കുളം നിവാസികള്‍ പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പോലീസിനെതിരേ കടുത്ത ആരോപണവുമായി ജുഡീഷല്‍ കമ്മീഷനു മുമ്പാകെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി ഹാജരായി.

ഒരു രാത്രിമുഴുവന്‍ കൊടിയ പീഡനത്തിനാണ് ഇരുവരും ഇരയായത്. ലാത്തികൊണ്ടു മര്‍ദ്ദിച്ചശേഷം ഇരുവരെയും കിടത്തിയ മേശയില്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി ഹൈക്കോടതിക്കു കൈമാറുമെന്ന് ജുഡീഷല്‍ കമ്മിഷന്‍ വ്യക്തമാക്കി. രേവതിയുടെ കുടുംബത്തിനു സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്. തിരുനല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. കേസിലെ പ്രാഥമികരേഖകള്‍ അന്വേഷണസംഘം ഏറ്റു വാങ്ങി. പീഡനം നടന്ന സ്റ്റേഷനില്‍ പരിശോധന നടത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News