കൊച്ചി: കുസാറ്റിലെ സംഗീത നിശയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തു. സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അദ്ധ്യാപകര്‍ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ.എന്‍. ബിജു എന്നിവര്‍ക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
നേരത്തേ ഗുരുതര വീഴ്ചകൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയ ആറുപേർക്ക് സിൻഡിക്കേറ്റ് നോട്ടീസ് നൽകിയിരുന്നു. ഡോ.ദീപക് കുമാർ സാഹു, സ്റ്റാഫ് കോ-ഓർഡിനേറ്റർ ബി.എസ്. ഗിരീഷ് കുമാരൻ തമ്പി, സ്റ്റാഫ് ട്രഷറർ എൻ. ബിജു, രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ അനൂറിൻ സലീം, ടെക്ഫെസ്റ്റ് സംഘാടകരായ മൂന്ന് വിദ്യാർത്ഥികൾ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.നവംബർ 25ലെ ദുരന്തം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
സംഭവത്തിൽ സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് വലിയ വീഴ്ചയുണ്ടായെന്ന് ആരോപണം ഉയർന്ന സ്ഥിതിക്ക് അക്കാര്യവും പരിശോധിക്കും. പരിപാടിക്ക് പൊലീസ് സഹായം തേടി പ്രിൻസിപ്പൽ കത്ത് നൽകിയിരുന്നെങ്കിലും ഇത് ബന്ധപ്പെട്ടവർക്ക് കൈമാറാൻ രജിസ്ട്രാർ തയ്യാറായിരുന്നില്ല.ഇതായിരിക്കും പ്രധാനമായും പരിശോധിക്കുക. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞദിവസം ഹൈക്കാേടതിയിൽ സമർപ്പിച്ചു.
ഇക്കഴിഞ്ഞ നവംബർ 25നായിരുന്നു നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവർ തിക്കിലും തിരക്കിലുംപെടുകയായിരുന്നു.
എൻജിനീയറിംഗ് വിദ്യാർത്ഥികളായ അതുൽ തമ്പി (22), ആൻ റിഫ്ത റോയി (21), സാറാ തോമസ് (22) എന്നിവരും പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ (22) എന്നിവരാണ് മരിച്ചത്.