മാവേലിക്കര :1990ൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ഒളിവിൽപോയ പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലാണ് അകന്ന ബന്ധുവും വീട്ടിലെ മുൻജോലിക്കാരിയുമായ അറുനൂറ്റിമംഗലം ബിജുഭവനത്തിൽ (പുത്തൻവേലിൽ) അച്ചാമ്മയെ (റെജി–51) പൊലീസ് പിടികൂടിയത്.
വിവാഹം കഴിച്ച് ഭർത്താവുമൊത്തു മിനി രാജു എന്ന പേരിൽ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു. 2 മക്കളുണ്ട്. കൊലക്കേസിൽ 1990ൽ അറസ്റ്റിലായ അച്ചാമ്മയെ 1993ൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞു പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽവരെ പോയി. വർഷങ്ങളായി വാറന്റുകൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പിടികൂടിയത്.
1996ൽ മുങ്ങിയശേഷം അച്ചാമ്മ കോട്ടയം ചുങ്കത്ത് മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. അക്കാലത്ത് ഒരു കെട്ടിടനിർമാണത്തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999ൽ വിവാഹം കഴിച്ച് അയാളുടെ നാടായ തമിഴ്നാട് തക്കലയിലേക്കു പോയെന്നും അറിഞ്ഞു.
ഈ തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പൊലീസിനെ കോതമംഗലത്തെത്തിച്ചത്. അച്ചാമ്മ 5 വർഷമായി തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നു മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജീവപര്യന്തം തടവിനു പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കും.
1990 ഫെബ്രുവരി 21ന് വൈകിട്ടാണു മറിയാമ്മയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകളിലും പുറത്തുമായി 9 കുത്തുകളേറ്റിരുന്നു. മൂന്നര പവന്റെ താലിമാലയും 2 ഗ്രാമിന്റെ കമ്മലും നഷ്ടമായി. കമ്മലിനായി ചെവി അറുത്തുമാറ്റിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ ഈ വീട്ടിൽ ജോലി ചെയ്തിരുന്ന അച്ചാമ്മയെ അറസ്റ്റ് ചെയ്തത്.