മൂന്നാറിലെ സി.എസ്.ഐ സഭയുടെ ധ്യാനത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികള്‍ക്കെതിരെ വധഭീഷണി

മൂന്നാര്‍: മൂന്നാറിലെ സിഎസ്‌ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികള്‍ക്കെതിരെ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടി.ടി പ്രവീണ്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ് പറഞ്ഞു.

ഭീഷണിയെ ന്യായീകരിച്ച ടി.ടി പ്രവീണ്‍ രംഗത്തെത്തി. ആക്ഷേപം ഇനിയും സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദ വൈദിക സംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിഎസ്‌ഐ സഭയെ കൈവിടില്ലെന്നും ടി ടി പ്രവീണ്‍ പറഞ്ഞു. കൊവിഡ് കാലത്തെ വൈദികസംഗമം രോഗവ്യാപനത്തിനിടയാക്കുന്നെന്ന പരാതി നല്‍കിയത് നിഷാന്തും സഹപ്രവര്‍ത്തകരുമാണ്. പരാതിക്കാരന് കഴിഞ്ഞ ദിവസം വന്ന ഫോണ്‍ കോളിലാണ് വധ ഭീഷണിയുണ്ടായത്.

കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വൈദികരെ പിപിഇ കിറ്റ് ധരിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ടി ടി പ്രവീണ്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും പരാതിക്കാര്‍ പുറത്തുവിട്ടു. മൂന്നാറിലെ വൈദിക സംഗമത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. 450 ഓളം പേരാണ് ധ്യാനത്തില്‍ പങ്കെടുത്തത്. സംഗമത്തില്‍ പങ്കെടുത്തവരില്‍ 4 വൈദികര്‍ രോഗബാധിതരായി മരണമടഞ്ഞു. നിരവധി പേര്‍ ചികിത്സയിലാണ്.

മൂന്നാറിലെ ധ്യാനത്തില്‍ 230 പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സിഎസ്ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ സഭ നേതൃത്വത്തെ തള്ളുന്നതാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. 450പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു എന്നും മാസ്‌ക് ഉള്‍പ്പെടെ ധരിക്കുന്നതില്‍ വൈദികര്‍ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News