നടൻ പി.സി ജോര്‍ജ് അന്തരിച്ചു
കൊച്ചി: മലയാള സിനിമാ നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പി.സി ജോര്‍ജ്. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.
ചെറുപ്പം മുതല്‍ നാടകങ്ങളിലും അനുകരണ കലയിലും താത്പര്യമുണ്ടായിരുന്ന ജോര്‍ജ് പോലീസ് യൂണിഫോം അണിഞ്ഞപ്പോഴും അതൊന്നും മാറ്റിവച്ചില്ല. അപ്പോഴും ചില പ്രൊഫഷണല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അക്കാലത്തുതന്നെ വയാലാര്‍ രാമവര്‍മ്മ, കെജി സേതുനാഥ് തുടങ്ങിയവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.
തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിലേക്ക് ജോര്‍ജ് എത്തുന്നത്. അംബ അംബിക അംബാലിക എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ച ജോര്‍ജിനെത്തേടി പിന്നീട് അവസരങ്ങള്‍ വരികയായിരുന്നു. വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
കെജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന സംവിധായര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതി ആയപ്പോള്‍ അദ്ദേഹം കുറേകാലം അഭിനയം നിര്‍ത്തി. 95ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം 7 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയില്‍ നടക്കും.