കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട;കാരിയർമാർ സ്ത്രീകള്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടികൂടി. മംഗലൂരു സ്വദേശിയായ യുവതിയുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്ന ലഹരിമരുന്ന് തടയകുയെന്ന ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പൊലീസും ഡാന്‍സാഫും വല വിരിച്ചപ്പോൾ കുടുങ്ങിയത് ലഹരി ശൃംഖലയിലെ വമ്പന്‍ കണ്ണികളാണ്. മാങ്കാവ് വെച്ച് ലഹരി മരുന്നുമായി രണ്ടു യുവാക്കളാണ് പൊലീസിന്‍റെപിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അല്‍ത്താഫ് എന്നിവരില്‍ നിന്നും 326 ഗ്രാം എംഡ‍ിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ലഹരി മരുന്നെത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിര്‍, മംഗലൂരു സ്വദേശി ഷാഹിദാ ബാനു എന്നിവര്‍ പിടിയിലായി. വലിയങ്ങാടിയില്‍ വെച്ച് 45 ഗ്രാം ബ്രൗണ്‍ഷുഗറുമായി ബേപ്പൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ അറസ്റ്റിലായി. 27 ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.

ബംഗളൂരു, മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്നാണ് നഗരത്തിലേക്ക് ലഹരി മരുന്ന് വന്‍തോതില്‍ എത്തിക്കുന്നത്. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീകളേയും കാരിയര്‍മാരാക്കുകയാണ് ലഹരിസംഘം. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News