നായ്ക്കുട്ടിയോട് വീണ്ടും കൊടുംക്രൂരത; ചാക്കു കൊണ്ടു മൂടിക്കെട്ടി പുഴയില്‍ കെട്ടിത്താഴ്ത്തി

കൊച്ചി: ദേഹമാകെ മുറിവുകളുമായി മരണാസന്നനായി നായ്ക്കുട്ടിയെ കണ്ടെത്തി. മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി കയറുകൊണ്ട് പുഴയിലേക്കു കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ കണ്ടെത്തിയ നായ്ക്കുട്ടിയെ മൃഗാശുപത്രിയില്‍ എത്തിച്ചു.

രാവിലെ കുളിക്കാന്‍ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. കയറില്‍ കെട്ടിവലിച്ചാണു നായയെ പുഴയ്ക്കരികിലെ നടപ്പാതയിലേക്കു എത്തിച്ചിരിക്കുന്നത്. നടപ്പാത നിറയെ രക്തംപ്പാടും നായയെ വലിച്ചിഴച്ചതിന്റെ അടയാളവുമുണ്ട്. റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ടെന്നും മൃഗസ്‌നേഹികളുടെ സംഘടനയായ ദയയുടെ കോഓര്‍ഡിനേറ്റര്‍ അമ്പിളി പുരയ്ക്കല്‍ പറഞ്ഞു.

സംഭവം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണന്‍, കെ വി മനോജ് എന്നിവര്‍ ചേര്‍ന്നാണ് നായയെ മൃഗ ഡോക്ടറുടെ അടുത്തെത്തിച്ചത്. വിവരം പൊലീസില്‍ അറിയിച്ചെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും ദയ പ്രവര്‍ത്തകര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News