മൃഗങ്ങളോട് വീണ്ടും ക്രൂരത; കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന ഗര്‍ഭിണിയായ പശു ചത്തു

കൊച്ചി: മൃഗങ്ങളോട് വീണ്ടും ക്രൂരത. പൊള്ളാച്ചിയില്‍ നിന്ന് കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന പശു ചത്തു. ഗര്‍ഭിണിയായ പശു ഉള്‍പ്പെടെ മൂന്ന് പശുക്കളെയും രണ്ട് കുഞ്ഞിനെയും കൊണ്ടുവന്നത് ഇടുങ്ങിയ വാഹനത്തിലാണ്. കൊച്ചിയില്‍ എത്തിയപ്പോഴാണ് പശു ചത്തത്. ഒരു പശു വഴി മധ്യേ പ്രസവിച്ചു. പ്രസവിച്ച പശുവിന്റെയും കുഞ്ഞിന്റെയും നില ഗുരുതരമാണ്. മൃഗഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നല്‍കുകയാണ്.

കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. പൊള്ളാച്ചിയില്‍ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പശുക്കളെ കൊല്ലത്തേക്ക് കൊണ്ടുപോയത്. യാത്രാ മധ്യേ പശു പ്രസവിക്കുന്നതിന് വേണ്ടിയുള്ള ബുദ്ധിമുട്ടികള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് കുംബളത്ത് വണ്ടി നിര്‍ത്തി പശുവിനെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പശു പ്രസവിച്ചു.

എന്നാല്‍ പ്രസവത്തിനിടെ ഗര്‍ഭപാത്രമടക്കം പശുവിന്റെ അകത്ത് നിന്ന് പുറത്തേക്ക് വന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പശുവിനെ ഇത്ര ദൂരം യാത്ര ചെയ്യിച്ചതെന്നാണ് ആരോപണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശു യാത്രാ ദുരിതത്തെ തുടര്‍ന്നാണ് ചത്തത്.

പശു വണ്ടിയില്‍ നിന്ന് വീണുവെന്നും വീണയുടന്‍ പ്രസവിക്കുകയുമായിരുന്നുവെന്നും സംഭവം കണ്ട പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിക്കുകയും പോലീസ് പ്രദേശത്ത് എത്തിയാണ് മൃഗഡോക്ടര്‍മാരുടെ സംഘത്തെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News