27.8 C
Kottayam
Wednesday, May 8, 2024

ഞാൻ നയൻതാരയെ അനുകരിക്കുന്നു എന്നാണ് വിമർശനം; അതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല: അനിഖ സുരേന്ദ്രൻ

Must read

കൊച്ചി:ബാലതാരമായി എത്തി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് നടി അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം നായികയായി തിളങ്ങി നിൽക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനിൽ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലിയുടെയും മംമ്‌തയുടെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. അതിനു ശേഷം തമിഴിൽ നിന്നടക്കം അവസരങ്ങൾ അനിഖയെ തേടിയെത്തി. അജിത് നായകനായ യെനെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. ഒരുപിടി സിനിമകളിൽ നയൻതാരയുടെ മകളായും നയൻതാരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്.

anikha nayanthara

നയൻതാരയുമായുള്ള മുഖ സാദൃശ്യമാണ് അനിഖയെ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ജൂനിയർ നയൻ‌താര എന്നുൾപ്പടെയുള്ള പേരുകളിലും അനിഖ അറിയപ്പെടാറുണ്ട്. അതേസമയം നയൻതാരയെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന വിമർശനവും പലപ്പോഴും അനിഖയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ താരം നൽകിയ അഭിമുഖങ്ങൾക്ക് താഴെ ഇത്തരം കമന്റുകൾ വന്നിരുന്നു. സംസാരത്തിലും മാനറിസങ്ങളിലുമൊക്കെ നയൻതാരയെ പകർത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.

ഇപ്പോഴിതാ ആ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനിഖ സുരേന്ദ്രന്‍. ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നത് എന്ന് തനിക്കു മനസ്സിലായിട്ടേയില്ലെന്നും കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്നു ചിലര്‍ പറയാറുണ്ടെന്നും അനിഖ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ വിമർശനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അനിഖ.

‘നയന്‍താരയെ അനുകരിക്കുന്നു എന്നാണു എനിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളിലൊന്ന്. ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്ന് ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ’, അനിഖ ചോദിക്കുന്നു.

സംസാരിക്കുമ്പോള്‍ ഇംഗ്ലിഷ് വാക്കുകള്‍ കൂടുതൽ ഉപയോഗിക്കുന്നു എന്നാണു മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല’, അനിഖ വ്യക്തമാക്കി.

anikha nayanthara

നെഗറ്റീവ് പറയുന്നവര്‍ക്കു താന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ലെന്നും അവര്‍ എന്തിനോ വേണ്ടി ഇതെല്ലാം പറയുകയാണെന്നും അതുകേട്ടു താന്‍ തന്നെ മാറ്റില്ലെന്നും അനിഖ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ഈ വർഷം പുറത്തിറങ്ങിയ ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു അനിഖയുടെ നായികയായുള്ള അരങ്ങേറ്റം. മലയാളത്തിൽ ഓ മൈ ഡാർലിംഗ് എന്ന സിനിമയിലാണ് നായികയായത്. ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് അനിഖയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. തമിഴിൽ പിടി സാർ, വാസുവിൻ ഗർഭിണികൾ തുടങ്ങിയ സിനിമകളും അണിയറയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week