27.3 C
Kottayam
Thursday, May 30, 2024

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു, ഓർമ്മയാവുന്നത് യോദ്ധയുടെയും ഗാന്ധർവത്തിൻ്റെയും സ്രഷ്ടാവ്

Must read

മുംബൈ:പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.65 വയസ്സായിരുന്നു.സംസ്കാരം പിന്നീട് യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.

ചെറുപ്രായത്തിൽ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു.

തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിത്. അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം,

പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരൻ സന്തോഷ് ശിവൻ, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്.

അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തിൽ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവൻ തന്നെ.

അങ്ങനെയാണ് 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്.

“ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുനു എന്ന് വേണമെങ്കിൽ പറയാം. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനു തന്റെ കരിയറിലെ വലിയ ബ്രേക്ക് നൽകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തിൽ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബിൽ സുരേന്ദ്രൻ സംവിധാന രംഗത്തുമുണ്ട്.ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർത്ഥി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week