തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമര്‍ശനം.
എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തില്‍ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ചിത്രവും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കൊവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ ഇതിനെക്കുറിച്ച് കമന്റിട്ടത്. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരിക്കുന്നത്. 21 മന്ത്രിമാരടങ്ങുന്നതാണ് രണ്ടാം പിണറായി മന്ത്രി സഭ. 20ന് ലളിതാമായിരിക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കുക.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ രൂപീകരണത്തില്‍ പൂര്‍ണ തൃപ്തരെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. രണ്ടു ക്യാബിനറ്റ് പദവികളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണിതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികള്‍ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും ജോസ് വ്യക്തമാക്കി. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.