ചെന്നൈ: നടി തമന്നയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ നടൻ അന്നു കപൂറിനെതിരെ രൂക്ഷവിമർശനം. തമന്നയെക്കുറിച്ച് ദ്വയാർത്ഥപ്രയോഗം നടത്തിയ അന്നു കപൂർ, തന്റെ ഹിറ്റ് ഗാനമായ ‘ആജ് കി രാത്’ കേട്ട് കുട്ടികൾ ഉറങ്ങാറുണ്ടെന്ന നടിയുടെ അവകാശവാദത്തെക്കുറിച്ച് തമാശ പറയുകയും ചെയ്തു. ഇതാണ് വിവാദമായത്. നടൻ പറഞ്ഞത് അശ്ലീലമാണെന്ന് വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ നിലവാരമില്ലാത്തയാളെന്ന് വിളിക്കുകയുംചെയ്തു.
ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അന്നു കപൂർ വിവാദ പരാമർശം നടത്തിയത്. സംഭാഷണത്തിനിടെ, ‘ആജ് കി രാത്’ എന്ന ഗാനത്തിന്റെ ഒരു ക്ലിപ്പ് കണ്ടതിനെക്കുറിച്ച് അന്നു സംസാരിച്ചു. തുടർന്ന് അവതാരകൻ ആ ഗാനം ഇഷ്ടപ്പെട്ടോ എന്നും തമന്നയുടെ ആരാധകനാണോ എന്നും ചോദിച്ചു. ഇതിന് മറുപടി പറയുമ്പോഴാണ് തമന്നയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയത്. തുടർന്ന് അവതാരകൻ ഈ ഗാനം കേട്ട് കുട്ടികൾ ഉറങ്ങാറുണ്ടെന്ന തമന്നയുടെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചു. എത്ര വയസുള്ള കുട്ടികളാണ് ഉറങ്ങുന്നതെന്ന മറുചോദ്യമാണ് അന്നു ചോദിച്ചത്. 70 വയസുകാരനും ഒരു കുട്ടിയാകാമല്ലോ എന്നും നടൻ പറഞ്ഞു.
“സഹോദരീ, പാട്ടുകൊണ്ടും, ശരീരം കൊണ്ടും, സുന്ദരമായ മുഖം കൊണ്ടും നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ഉറക്കുന്നു… വളരെ നല്ല കാര്യമാണ്… നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് നല്ല ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ അത് രാജ്യത്തിന് വലിയ അനുഗ്രഹമായിരിക്കും. മറ്റെന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കിൽ, അത് നിറവേറ്റാൻ ദൈവം അവർക്ക് കഴിവ് നൽകട്ടെ. അതാണ് അവൾക്കുള്ള എന്റെ അനുഗ്രഹം.” അന്നു കപൂർ തുടർന്നു.
തമന്നയെക്കുറിച്ചുള്ള അന്നുവിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. നിരവധി പേർ അദ്ദേഹത്തിന്റെ അഭിപ്രായം അശ്ലീലവും അനുചിതവുമാണെന്ന് കണ്ടെത്തി. പലരും അദ്ദേഹത്തെ നിലവാരമില്ലാത്തവൻ എന്ന് ആക്ഷേപിക്കുകയും കുറച്ചെങ്കിലും ബഹുമാനം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിങ്ങളുടെ സ്വന്തം മകളോടും ഇങ്ങനെ പറയുമോ എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.


