ഹൈദരാബാദ്: ഒന്നരവയസ്സുള്ള കുഞ്ഞുമായി ദമ്പതിമാര്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കഡപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30) ഇവരുടെ മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. കഡപ്പ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെ ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായും പോലീസ് പറഞ്ഞു.
രാത്രി കഡപ്പ റെയില്‍വേ സ്റ്റേഷനിലെത്തിയ ദമ്പതിമാര്‍ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ച്ചാടിയാണ് ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ ദമ്പതിമാര്‍ കുഞ്ഞിനെയും എടുത്ത് പാളത്തില്‍ ഇറങ്ങിനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രെയിനിടിച്ച് മൂവരുടെയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി റിംസ് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിലുണ്ടായ വഴക്കിന് പിന്നാലെയാണ് ദമ്പതിമാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകീട്ട് ശ്രീരാമുലുവും സിരിഷയും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കിട്ടിരുന്നു. ഇത് കണ്ടെത്തിയ ശ്രീരാമുലുവിന്റെ മുത്തശ്ശി പ്രശ്‌നത്തില്‍ ഇടപെടുകയും ഇരുവരെയും ശകാരിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ ക്ഷോഭിച്ച് വീട് വിട്ടിറങ്ങിയത്. എന്നാല്‍, ദമ്പതിമാര്‍ കുഞ്ഞുമായി ഇറങ്ങിയതിന് പിന്നാലെ മുത്തശ്ശിക്ക് ഹൃദയാഘാതമുണ്ടായെന്നും തുടര്‍ന്ന് ഇവര്‍ മരിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


