ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് സിവില്‍ സര്‍വീസില്‍നിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.
രാജ്യത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പംനില്‍ക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടിയ ധീരനായ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വളരെ വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തോടെ നീതിക്കുവേണ്ടി പോരാടുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഗോപിനാഥന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
'2019ലാണ് ഞാന്‍ രാജിവെച്ചത്. സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്ന ദിശ ശരിയല്ലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. തെറ്റിനെതിരെ പോരാടേണ്ടതുണ്ടെന്നും തോന്നി. ഞാന്‍ 80-90 ജില്ലകളിലൂടെ സഞ്ചരിച്ച് ജനങ്ങളോട് സംസാരിച്ചു. നിരവധി നേതാക്കളെ കണ്ടു. രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് അപ്പോഴാണ് വ്യക്തമായത്..' കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു.


