വാർത്താസമ്മേളനത്തിനിടയിൽ സ്പോൺസർമാരായ കൊക്കോ കോളയുടെ കുപ്പി എടുത്തുമാറ്റി പകരം വെള്ളകുപ്പികൾ ഉയർത്തികാണിച്ച് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാൾഡോയും പരിശീലകനും നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
കൊക്കോ കോളയുടെ കുപ്പികൾ എടുത്തുമാറ്റുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ ഇതിനകം സാമുഹ്യമാധ്യമങ്ങളിൽ വൈറലാണ്. വാർത്താ സമ്മേളനത്തിനായി വന്നിരുന്ന റൊണാൾഡോയുടെ ആദ്യം തന്നെ പോയത് മുന്നിൽ വെച്ച രണ്ട് കൊക്കോ കോളയുടെ കുപ്പികളിലേക്കാണ്.
Cristiano Ronaldo simply moving Coca Cola out of the way and saying “drink water” caused Coca Cola to lose $4 billion in value today… pic.twitter.com/pOsOsXiXGy
— Jomboy Media (@JomboyMedia) June 15, 2021
തുടർന്ന് കുപ്പികൾ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോ. യൂറോയിലെ ഔദ്യോഗിക സ്പോൺസർമാരാണ് കൊക്കോ കോള.
റൊണാൾഡോയുടെ ചെറിയൊരു പ്രവർത്തി കോടികളുടെ നഷ്ടമാണ് കൊക്കോ കോളയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. താരം കുപ്പികൾ എടുത്തുമാറ്റുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൊക്കോ കോളയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു.
242 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്കാണ് കൊക്കോ കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ ചെറിയൊരു പ്രവർത്തി മൂലം കമ്പനിക്ക് ഉണ്ടായതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോ മൂലം 400 കോടിയുടെ നഷ്ടമാണ് ആഗോള കമ്പനിക്ക് ഉണ്ടായത്.
നേരത്തേയും ജങ്ക്ഫുഡുകളോടുള്ള താത്പര്യക്കുറവ് റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. മകൻ സോഫ്റ്റ് ഡ്രിങ്കുകളും ജങ്ക് ഫുഡും കഴിക്കുമെന്നും തനിക്കത് ഇഷ്ടമല്ലെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞത്.