കൊച്ചി: കൊച്ചിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു, രാജ്യത്ത് തന്നെ കൊച്ചി രണ്ടാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊച്ചി നഗരം ഡല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും ക്രമാധീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വര്‍ഷമാണ്. ഇക്കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 13 കൊലക്കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. 16 കൊലപാതക ശ്രമങ്ങളും നഗരത്തില്‍ അരങ്ങേറി. ഭവനഭേദനക്കേസുകളുടെ കാര്യവും വ്യത്യസ്തമല്ല. ഈ വര്‍ഷം 65 ഭവനഭേദനക്കേസുകള്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 107 വാഹന മോഷണം അടക്കം 161 മോഷണക്കേസുകള്‍, 36 കവര്‍ച്ചക്കേസുകള്‍ എന്നിങ്ങനെയാണ് മറ്റുള്ളവ. കൊലപാതകക്കേസുകളില്‍ പ്രതികളെ പിടികൂടാനാകുന്നുണ്ടെങ്കിലും നഗരത്തില്‍ നടക്കുന്ന ഭവനഭേദനക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് സാധിക്കാതെ വരുന്നുണ്ട്.
ക്രിമിനല്‍ കേസുകളുടെ കൂട്ടത്തില്‍ 67 ബലാത്സംഗ കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 11 കേസുകളും നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം 1,389 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അബ്കാരി ആക്ട് പ്രകാരം 2461-ഉം ‘കോട്പ’ അനുസരിച്ച് 951 കേസുകളും ചാര്‍ജ്ജ് ചെയ്തു.