30.6 C
Kottayam
Wednesday, May 15, 2024

വധഗൂഢാലോചന കേസ്:ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും,നിർണ്ണായക നീക്കവുമായി ക്രൈംബ്രാ‌‌ഞ്ച്  

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയാണ് കോഴിക്കോട് സ്വദേശി സായ് ശങ്ക‌ർ. മുഖ്യപ്രതി നടൻ ദിലീപിന്റെ നി‌ർദ്ദേശപ്രകാരം രണ്ട് ഐ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കണ്ടെത്തലിനെ തുട‌ർന്നാണ് സായ് ശങ്കറിനെ പ്രതി ചേർത്തത്.

ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹ്യപ്രവർത്തകനായ തൃശൂർ സ്വദേശി, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലിൽ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ സായ് നീക്കിയത്. അന്വേഷണ സംഘത്തിന്റെ കൈയിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിൽ നിന്നും സായ് ശങ്കർ എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് നൽകിയതായാണ് റിപ്പോർട്ട്. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു.

 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം  നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ  20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. 

നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാൽ  വിസ്താര ഘട്ടത്തിൽ  സാഗ‍ർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുന്പോൾ ഈ  തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week