​ഗർഭച്ഛിദ്ര വിവാദം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന്. ക്രൈംബ്രാഞ്ച് ഉടനെ പരാതിക്കാരനായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റിന്റെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുക്കണമെന്ന് പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും ബാലവകാശ കമ്മീഷനിലും ഷിന്റോ പരാതി നല്‍കിയിരുന്നു.

പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും ചോദ്യം ചെയ്യുക. വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയയ്ക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തിരക്കും. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഈ ശബ്ദസന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. കൂടാതെ മറുവശത്തുള്ള വ്യക്തി പരാതി നല്‍കാതെ അന്വേഷണം മുന്നോട്ട് പോവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News